11:22am 19 May 2026
NEWS
കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര: നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ശുപാർശ; പ്രതിമാസ ബാധ്യത 96 കോടി
19/05/2026  09:03 AM IST
സുരേഷ് വണ്ടന്നൂർ
കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര: നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ശുപാർശ; പ്രതിമാസ ബാധ്യത 96 കോടി

​തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച 'കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര' എന്ന പദ്ധതി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ നീക്കം. കോർപ്പറേഷന്റെ നിലവിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ചില നിബന്ധനകളോടെ മാത്രമേ പദ്ധതി പ്രായോഗികമാക്കാൻ കഴിയൂ എന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സർക്കാരിനെ അറിയിക്കും.
​എല്ലാ വിഭാഗം ബസുകളിലും പൂർണ്ണമായി സൗജന്യം അനുവദിച്ചാൽ പ്രതിദിനം 3.2 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ഇത് പ്രതിമാസം 96 കോടി രൂപയുടെ അധിക ബാധ്യതയാണ് സ്ഥാപനത്തിന് വരുത്തിവെക്കുക.
​വരുമാനച്ചോർച്ച തടയാൻ മാനേജ്മെന്റ് മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:
​ഓർഡിനറി ബസുകളിൽ മാത്രം: സൗജന്യ യാത്ര സിറ്റി, ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തുക.
​ദൂരപരിധി നിശ്ചയിക്കുക: സ്വദേശത്തു നിന്നും യാത്ര ചെയ്യാവുന്ന ദൂരത്തിന് കൃത്യമായ പരിധി നിശ്ചയിക്കുക.
​യാത്രാ കാർഡുകൾ: നിശ്ചിത തുക മൂല്യമുള്ള പ്രത്യേക സൗജന്യ യാത്രാ കാർഡുകൾ വനിതകൾക്കായി പുറത്തിറക്കുക.
​കടക്കെണിയിൽ കെ.എസ്.ആർ.ടി.സി
നിലവിൽ 3,100 കോടി രൂപയുടെ കടബാധ്യതയിലാണ് കെ.എസ്.ആർ.ടി.സി. പ്രതിദിന വരുമാനം 8 കോടി രൂപയാണെങ്കിലും പെൻഷൻ ഇനത്തിൽ 80 കോടിയും ശമ്പള ഇനത്തിൽ 50 കോടിയും പ്രതിമാസം സർക്കാർ നൽകുന്ന ധനസഹായം കൊണ്ടാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. ഇതിന് പുറമെ ഇന്ധനവില വർദ്ധനവ് മൂലം ദിവസം 10 ലക്ഷം രൂപയുടെ അധിക ബാധ്യതയുമുണ്ട്.
​യാത്രാ കണക്കുകൾ ഒറ്റനോട്ടത്തിൽ:
​കെ.എസ്.ആർ.ടി.സിയിലെ ആകെ വനിതാ യാത്രക്കാർ: 40%
​സിറ്റി, ഓർഡിനറി ബസുകളിലെ വനിതാ പങ്കാളിത്തം: 60%
​പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം പൂർണ്ണമായും സർക്കാർ സബ്‌സിഡിയായി നൽകേണ്ടി വരും. അതേസമയം, ഈ പ്രഖ്യാപനം തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസ് ഉടമകൾ.
​മറ്റ് സംസ്ഥാനങ്ങളിലെ വനിതാ സൗജന്യ യാത്രാ മാതൃകകൾ:
​വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ കേരളത്തിലും മാതൃകയാക്കാവുന്നതാണ്:സംസ്ഥാനം പദ്ധതി / നിയന്ത്രണങ്ങൾ
തമിഴ്നാട് 'വിദ്യാൽ പയനം' പദ്ധതി - വൈറ്റ് ബോർഡ് ബസുകളിൽ പരമാവധി 40 കി.മീ വരെ.
കർണാടക 'ശക്തി' പദ്ധതി - സൂപ്പർ ക്ലാസ് ബസുകൾ ഒഴിവാക്കി, കർശന നിയന്ത്രണങ്ങളോടെ.
തെലങ്കാന 'മഹാലക്ഷ്മി' പദ്ധതി - നോൺ എ.സി സ്റ്റേറ്റ് ബസുകളിൽ മാത്രം.
ആന്ധ്രാപ്രദേശ് നിശ്ചിത ദൂരത്തേക്ക് മാത്രം. താമസരേഖ (ആധാർ/തിരിച്ചറിയൽ കാർഡ്) നിർബന്ധം.
പഞ്ചാബ് ഓർഡിനറി ബസുകളിൽ മാത്രം. തിരിച്ചറിയൽ രേഖ വേണം.
ജമ്മു കാശ്മീർ സ്മാർട്ട് സിറ്റി ഇ-ബസുകളിലും ഓർഡിനറി ബസുകളിലും മാത്രം.
ന്യൂഡൽഹി വനിതകൾക്ക് പ്രത്യേക 'പിങ്ക് ടിക്കറ്റ്' നൽകിക്കൊണ്ടുള്ള സൗജന്യ യാത്ര.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img